സൂഫിയുടെ പാട്ട് (In the dead of Night)

മേയ് 31, 2009

(സൂഫി കവിയായിരുന്ന ഫരീദുദ്ദീന്‍ അത്തറിന്റെ   In the Dead of night എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)

അര്‍ദ്ധരാത്രിയിലൊരു സൂഫി പാടുന്നു:
അടച്ചിട്ടിരിക്കുന്ന കല്ലറയാണീ ലോകം.
അജ്ഞരായ നാം രമിക്കുന്ന മൂഢസ്വര്‍ഗം.

മരണം വന്ന് വാതില്‍ തുറക്കുമ്പോള്‍
ചിറകുള്ളവര്‍ക്കേ നിത്യതയിലേക്ക് പറന്നുയരാനാകൂ.
ഇല്ലാത്തവര്‍ക്കീ കല്ലറ തന്നെ ശരണം.

അതിനാല്‍ പ്രിയരേ,
ദൈവത്തിലേക്കുയരാന്‍ കഴിയുന്ന പക്ഷികളാകാന്‍,
വാതില്‍ തുറക്കുന്നതിനു മുമ്പ്
നമുക്കാവുന്നതെല്ലാം ചെയ്യാം.


ആരാധ്യനായ അതിഥി (The Beloved Guest)

ജനുവരി 14, 2009

അകം പൊള്ളയും ,മലിനവുമായ നിന്നെ തൂത്തെറിഞ്ഞ്
പ്രിയങ്കരനായ അവന്റെ വാസത്തിനായി ഹൃദയം ഒരുക്കിയാലും.
നീ ഇറങ്ങുന്നതോടെ അവനവിടെ പ്രവേശിച്ച്
സ്വയം ത്യജിച്ച നിനക്കായ് ദിവ്യചൈതന്യം ദൃശ്യമാക്കും.

(സൗദ്ഉദ്ദീന്‍ മഹ്‌മൂദ് ശാബിസ്താരി(1288-1340),പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ സൂഫി കവി 1311ല്‍ എഴുതിയ Gulshan i Raz(The secret Rose Garden) എന്ന കൃതിയിലെ The Beloved Guest എന്ന പദ്യത്തിന്റെ പരിഭാഷ.പൂര്‍ണ്ണകൃതി ഇവിടെ)


യാഥാര്‍ത്ഥ്യം(Reality)

ഡിസംബര്‍ 28, 2008
(സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)

പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്കിടയില്‍

ഒരു മുടിനാരിഴക്ക് പോലുമിടമില്ല.

പറയുന്നതല്ല,അനുഭവിച്ചറിയുന്നതാണ് സത്യം.

അനുഭവിക്കാതെയുള്ള വിവരണം അസത്യം.

ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം

പുഴയ്ക്കറിയാത്ത പോലെ

നമ്മുടെയസ്തിത്വം നിഷ്ഫലമാക്കുന്ന,

നമ്മെ നിലനിര്‍ത്തുന്ന,

ഈ യാത്രയുടെ കാരണഭൂതനെ

എങ്ങനെ വര്‍ണ്ണിക്കാനാണ്?